
26, April , 2023
ഭാരതമാതാ കോളേജിൽ അന്താരാഷ്ട്ര സെമിനാർ : കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജിൽ "ധനകാര്യ വാണിജ്യ മേഖലകളിലെ ഡിജിറ്റൽ നവീകരണങ്ങൾ - ഉയർന്നുവരുന്ന പ്രവണതകളും സാധ്യതകളും" എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ ആരംഭിച്ചു.ശ്രീലങ്കയിലെ കൊളംബോ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. പ്രദീപ് ധർമദാസ ഉദ്ഘാടനം നിർവഹിച്ചു.ഫെഡറൽ ബാങ്ക് ഫിൻടെക് വിഭാഗം മേധാവി, ശ്രീ.ജിതേഷ് മുഖ്യപ്രഭാഷണം നടത്തി.കോളേജ് മാനേജർ ഫാ. ഡോ. എബ്രഹാം ഓലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ. ജോൺസൺ കെ.എം, വൈസ് പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി, കൺവീനർ ഡോ. ടെസ്സി തോമസ് , ജോയിന്റ് കൺവീനർ ആന്റൺ ജോസഫ്, കോമേഴ്സ് വിഭാഗം മേധാവി പൊന്നി ജോസഫ്, എഡിറ്റർ ഡോ. അജയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സർവകലാശാലകളിലെ അദ്ധ്യാപകരും ഗവേഷകരും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ സമാഹരിച്ചത് പുസ്തകമായി ഇന്ന് പ്രസിദ്ധീകരിച്ചു. ഇന്ത്യൻ കൌൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (ഐ.സി.എസ്.എസ്.ആർ) ന്റെ മുഖ്യ ധനസഹായത്തോടെ നടത്തുന്ന ഈ രാജ്യാന്തര സമ്മേളനത്തിൽ ശ്രീലങ്കയിലെ കൊളംബോ യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ശങ്കര കോളേജ്, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നിവർ സഹപങ്കാളിത്തം വഹിക്കും. വാണിജ്യ- സാമ്പത്തിക രംഗങ്ങളിലെ നൂതനവിവരങ്ങളും, ഗവേഷണ കണ്ടെത്തലുകളും അവതരിപ്പിക്കാനുള്ള വേദിയാണിതെന്നും, അക്കാദമിക രംഗത്ത് മികവു തെളിയിച്ച നിരവധി പ്രതിഭകളുമായി സംവദിക്കാനുള്ള അവസരമാണ് ഈ സമ്മേളനത്തിലൂടെ ഒരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
For more details visit: https://sites.google.com/bharatamatacollege.in/digitalinnovationsinbusiness/home